New

New

സദ്ദാമിന്‍റെ പതനം

സദ്ദാം ഹുസ്സൈന്‍‍‍ അമേരിക്കയെ വിറപ്പിക്കുന്ന കാലം. അക്കാലത്ത് തന്നെയാണ് അനുജന്‍ അബ്ദുറഹീം നാട്ടുകാരെയും, വീട്ടുകാരെയും വിറപ്പിക്കാന്‍ തുടങ്ങിയത്. എല്ലാവരും ചേര്‍ന്ന് 'സദ്ദാം' എന്ന പേര് അവന് ചാര്‍ത്തിക്കൊടുത്തതിലെ ചോതോവികാരവും മറ്റൊന്നുമായിരുന്നില്ല. ഒരിക്കല്‍ വീട്ടില്‍ എല്ലാവരെയും വിറപ്പിക്കുന്ന ഉപ്പാക്കും കിട്ടി സദ്ദാമിന്റെ മിസൈല്‍ ആക്രമണം. പശുവിനെ കെട്ടാന്‍ കുറ്റി തറക്കുന്നതിന് ഉപയോഗിക്കുന്ന മേടി കയ്യില്‍ കിട്ടിയ സദ്ദാം വിക്ഷേപണകേന്ദ്രകയ്യില്‍ നിന്നും നേരെ കറക്കി ഉപ്പയുടെ തിരുനെറ്റിയിലേക്ക് വിക്ഷേപിച്ചു. കറങ്ങിത്തിരിഞ്ഞു മേടി ലക്ഷ്യസ്ഥാനത്തു പതിച്ചതും ഉപ്പ തരിച്ച് താഴെയിരുന്നു പോയി. അവനെ ഏല്‍പ്പിച്ച പശുക്കുട്ടി തെങ്ങും തൈ കടിച്ചത് ശ്രദ്ധിക്കാതിരുന്നതിന് ഉപ്പ പതിവുശൈലിയില്‍ വഴക്ക് പറഞ്ഞതാണ് ആക്രമണകാരണം.
മറ്റൊരിക്കല്‍ പഴുത്ത മുവാണ്ടന്‍ മാങ്ങ പൂണ്ടു കഴിക്കുന്നതിനിടെ മുപ്പനോഹരി എന്നില്‍ നിന്നും കൈപ്പറ്റിയിട്ടും അവസാനം അതിന്റെ അണ്ടിക്ക് വേണ്ടിയാരു ശണ്ഠക്കിടെ എനിക്കും കിട്ടി ഒരു സദ്ദാം ആക്രമണം. എന്റെ കയ്യില്‍ നിന്നും മാങ്ങ പൂളാനുപയോഗിച്ച കത്തി വാങ്ങി കാല്‍മുട്ടിന് താഴെ നോക്കിയൊരു വെട്ട്. ഇന്നും ആ മുറിവടയാളം അവിടെയുണ്ടെങ്കിലും, മനസ്സില്‍ അവനോട് സ്നേഹത്തിന്റെ അടയാളങ്ങളേ ഉള്ളൂ. പിന്നീട് യഥാര്‍ത്ഥ സദ്ദാം ഹുസൈനിന്റെ പതനത്തില്‍ മനം നൊന്തിട്ടാണോ അതോ വളര്‍ച്ചയുടെ മാറ്റം ഉള്‍ക്കൊണ്ടിട്ടാണോ പത്താം ക്ലാസ് കഴിഞ്ഞപ്പോഴേക്കും കുടുംബത്തിലെ തന്നെ ഏറ്റവും വലിയ സാധുഗാന്ധിയായി മാറി ഈ അനുജന്‍ അബ്ദുറഹീം.

ഇത്രയും ഞാന്‍ ഇവനെക്കുറിച്ച് പറഞ്ഞത് ഒരു പഴയ കഥപറയാനാണ്. വെള്ളിയാഴ്ച വൈകുന്നേരങ്ങളെ കാത്തിരിക്കുന്ന കാലം, നാളെയും മറ്റന്നാളും അതായത് ശനിയും ഞായറും അവധിയാണെന്നോര്‍ക്കാന്‍ തന്നെ അഞ്ചാം ക്ലാസുകാരനായ എനിക്ക് ഒരു സമനസ്സിനു ഒരു സുഖമായിരുന്നു. ഒഴിവുദിനങ്ങളിലെ ഞങ്ങളുടെ വിഹാരകേന്ദ്രമായ ഗോപന്‍ നായരുടെ ഒന്നരയേക്കറോളം വരുന്ന തെങ്ങും പറമ്പ്, തെങ്ങും പറമ്പ് എന്ന് പറഞ്ഞാല്‍ തെങ്ങ് മാത്രമല്ല, മൂവാണ്ടന്‍ മാവും, എരഞ്ഞിപ്പഴവും, എരമംഗലമരവും, ഞാവല്‍പഴവും, പുളിയും, കാറപ്പഴവും, കശുമാവും അങ്ങനെ പേര് പോലും അറിയാത്ത പലയിനം ഫലവൃക്ഷലതാദികളുടെ കേന്ദ്രമാണവിടം, കൂടാതെ പഴമ വറ്റാത്ത ഒരു പൊട്ടന്‍ കുളവും, കാവും. പറമ്പിന്റെ ഏകദേശം നടുവിലായി ഗോപന്‍ നായരുടെ പൊളിഞ്ഞു വീഴാറായ പഴയ നായര്‍ തറവാട്. അവിടെ അന്ന് താമസിച്ചിരുന്നത് ഗോപന്‍ നായരുടെ അമ്മയും കൂട്ടിന് 'ഗിരിജപ്പൊട്ടത്തി' എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന മാനസികരോഗിയായ പെങ്ങളും മാത്രം. ഡോക്ടര്‍ വിഭാഗം പഠിപ്പ് കഴിഞ്ഞ് കോയമ്പത്തൂര്‍ എന്തോ പ്രധാനപ്പെട്ട റിസര്‍ച്ച് നടത്തിക്കൊണ്ടിരിക്കെ ബുദ്ധി കൂടിയിട്ടാണത്രേ മാനസികനില തെറ്റിയത്. അങ്ങനെ ബുദ്ധി കൂടിയാലും മാനസികനില തെറ്റുമോ? എനിക്കറിയില്ല, പക്ഷെ അങ്ങനെയൊരു കാര്യം ആരോ പറഞ്ഞു കേട്ട ശേഷം ഞാന്‍ പിന്നെ അവരെ ഗിരിജേടത്തി എന്നേ വിളിക്കാറുള്ളൂ. പക്ഷെ ചില ഘട്ടങ്ങളില്‍ കയ്യില്‍ കിട്ടിയതെന്തുമെടുത്ത് ആക്രമിക്കുന്ന ഒരു സ്വഭാവവും കൂടിയുള്ളത് കൊണ്ട് ഞങ്ങള്‍ കുട്ടികള്‍ക്കൊക്കെ ഭയങ്കര പേടിയായിരുന്നു ഈ ഗിരിജേടത്തിയെ.

സമപ്രായക്കാരായ പക്രു എന്ന് വിളിക്കുന്ന ഫക്രുദ്ധീനും സുനി എന്ന് വിളിക്കുന്ന സുനില്‍ കുമാറും ചില ശിങ്കിടികളും ഒരു പഴഞ്ചന്‍ ഫുട്ബാളുമായി എന്നെയും സദ്ദാമിനെയും വിഹാരകേന്ദ്രത്തില്‍ കാത്തു നില്‍ക്കുന്നുന്നുണ്ടായിരുന്നു. സദ്ദാമിന് കളിക്കാന്‍ പ്രായമായിട്ടില്ല എന്നാരോപിച്ചതിന് അവന്റടുത്ത് നിന്നും തലക്കിട്ട് കിട്ടിയ കിഴുക്കും വാങ്ങി മോങ്ങി ശിങ്കിടികളില്‍ ഒരുത്തന്‍ സ്ഥലം വിടുന്നത് കണ്ടു. ഗോളിയാക്കി നിര്‍ത്താമെന്ന വ്യവസ്ഥ സമ്മതിച്ച് ഒടുവില്‍ അവനെയും കളിക്കാനിറക്കി. ടീമെടുക്കുന്ന കാര്യത്തില്‍ തുടങ്ങുന്ന പതിവു തര്‍ക്കത്തില്‍ തന്നെ കളി തുടങ്ങുകയും ഗോളല്ല, ഗോളാണ് എന്ന രീതിയില്‍ പുരോഗമിച്ച് കള്ളക്കളിയാണ് എന്ന വാദത്തില്‍ അന്നും അവസാനിപ്പിച്ചു.

അടുത്ത ഘട്ടം കശുമാവിന് കല്ലെറിയലായിരുന്നു. ശിങ്കിടിമാരില് പലരും പിരിഞ്ഞുപോയിരുന്നെങ്കിലും ഞാനും സദ്ദാമും, പക്രുവും, സുനിയും മാറി മാറി നല്ല ചുവപ്പ് നിറത്തില്‍ പഴുത്ത് പാകമായി നില്‍ക്കുന്ന കശുമങ്ങയെ ലക്ഷ്യമാക്കി കല്ലെറിയാന്‍ തുടങ്ങി. കശുമാങ്ങ കിട്ടിയാല്‍ രണ്ടുണ്ടായിരുന്നു കാര്യം, മാങ്ങ തിന്നുകേം ചെയ്യാം, കശുവണ്ടി അപ്പുനായരുടെ കടയില്‍ കൊടുത്താല്‍ ഒരണ്ടിക്ക് അഞ്ചു പൈസയോ അതല്ലെങ്കില്‍ സമാനമായ തുകക്ക് തേനാര്‍ മിഠായിയോ കിട്ടും. ഞങ്ങളുടെ എറിയാനുള്ള ആവേശത്തിനു പിന്നിലെ രഹസ്യവും ഇതു തന്നെ. വീറോടെ മാറി മാറി എറിഞ്ഞെങ്കിലും ഉയരമുള്ള മാവ് ഒന്നോ രണ്ടോ കശുമാങ്ങയെ കനിഞ്ഞു തന്നൊള്ളൂ. ഇതിനിടെ പക്രുവാണ് ആ ആശയം പറഞ്ഞത്.

'ഞമ്മക്ക് പറങ്കൂച്ചിന്റെ മോളില്‍ കേറി പൊട്ടിച്ചാലോ.....?'

'വേണ്ട, ഗിരിജപ്പൊട്ടത്തിയെങ്ങാനും കണ്ടാ പിന്നെ...'
സുനില്‍ നിരുത്സാഹപ്പെടുത്തി.

മറുപടിക്കു കാത്തു നില്‍ക്കാതെ തന്നെ പക്രു മരത്തില്‍ അള്ളിപ്പിടിച്ച് കയറാന്‍ തുടങ്ങിയിരുന്നു. പിറകെ സദ്ദാമും.

'ആ.... ഹാ... ഏട്ടനായ ഞാനിവിടെ നില്‍ക്കുമ്പോ ജ്ജ് കയറോ....'

'താഴെ നിന്ന് ഞങ്ങള് പൊട്ടിച്ചിടുന്നത് പെറുക്ക്യാ മതി...'

ഒരു ഏട്ടന്റെ അധികാരത്തോടെയുള്ള എന്റെ വിലക്ക്

'ഞാനും കേറും....!'

സദ്ദാമിന്റെ മുന്നിലോ എന്റെ വിലക്കിന് വില, ഒടുവില്‍ മനസ്സില്ലാ മനസ്സോടെ സുനിലും മുകളിലെത്തി. അഞ്ചെട്ടു കശുമാങ്ങ പലയിടത്തുനിന്നും ഏന്തിയും വലിഞ്ഞു മറ്റും എല്ലാരും പൊട്ടിച്ചു. അവിടെ ഇരുന്നു കൊണ്ടു തന്നെ തിന്നതിനു തെളിവായി പരമാവധി മാങ്ങക്കറകള് ഷര്‍ട്ടിലും ട്രൌസറിലുമൊക്കെയാക്കി, അണ്ടികള്‍ ട്രൌസറിന്റെ പോക്കറ്റിലും. ഇതിനിടെ മാവിന്റെ ഏകദേശം മുകളിലെത്തിയിരുന്ന പക്രുവാണ് ആ കാഴ്ച കണ്ടത്.

'എടാ ചാടിക്കോ... ഗിരിജപ്പൊട്ടത്തിയും, അമ്മേം ഇങ്ങട്ടേക്ക് വര്ന്ന്ണ്ട്....'

ഇതും പറഞ്ഞ് പക്രു പതിനഞ്ചോ ഇരുപതോ അടിയോളം വരുന്ന മുകളിലെ കൊമ്പില്‍ നിന്നും താഴോട്ട് ചാടി. ഗിരിജേടത്തിയുടെ ഏറിന്റെ ഉശിര് നേരത്തെ അറിഞ്ഞ സുനിയും പിറകെ ചാടി, മനസ്സില്ലാ മനസ്സോടെ ഞാനും. താഴെയെത്തിയ ഉടനെ സദ്ദാമിനെ നോക്കി ഞാന്‍ അലറി.

'ജ്ജ് ചാടണ്ടടാ.. എറങ്ങ്യാ മതി, അവരടുത്തെത്താനായിട്ടൊന്നൂല്ലാ..'

ഏട്ടനെ അച്ചട്ട അനുസരിക്കുന്ന സ്വഭാവം പണ്ടേയുള്ള സദ്ദാമുണ്ടോ വക വെക്കുന്നു.അവനും താഴോട്ട് ആപതിച്ചു. താഴെയെത്തിയ സദ്ദാം നിലത്തൊന്നിരിന്നു. പിന്നെ എഴുന്നേല്‍ക്കുന്നില്ല്ല പക്രുവും സുനിയും അപ്പോഴേക്കും പറമ്പിനു പുറത്തെത്തിയിരുന്നു. എന്തോ പന്തികേട് തോന്നിയ ഞാന്‍ അവന്റെ കൈ പിടിച്ചു വലിച്ചുകൊണ്ട് വീണ്ടും അലറി.
'ഓടെടാ പൊട്ടാ...'

വേച്ചുവേച്ചാണെങ്കിലും അവനും ഓടി, പറമ്പിനടുത്തുള്ള പക്രുവിന്റെ വീട്ടിലെത്തിയ ഉടനെ അവന്‍ നിലത്തു കിടന്നു. കാലിന്റെ ഞെരിയാണിക്കു താഴെ മുഴച്ചു മുഴച്ചു വരുന്നു. ബേജാറായ ഞാന്‍ അടുത്ത് തന്നെയുള്ള അത്യാവശ്യം കളരിയും മര്‍മ്മവും, തിരുമ്മും കൈ മുതലായുള്ള മൂത്താപ്പാനെ ഉടനെ പോയി വിളിച്ചു കൊണ്ടു വന്നു. മൂത്താപ്പ കാലൊക്കെ ഒന്നു ഞെക്കിനോക്കി ഉടനെ തീരുമാനമറിയിച്ചു.

'എല്ല് പൊട്ടിക്ക്ണ് വേഗം ഓട്ടോര്‍ഷ വിളിച്ചോളിം..'

സൈതാല്യാക്കാന്റെ ഓട്ടോറിക്ഷ നിമിഷങ്ങള്‍ക്കകം സദ്ദാമിനെയും, മൂത്താപ്പാനെയും നാട്ടിലെ മറ്റു മുതിര്‍ന്ന രണ്ടുപേരും വഹിച്ചു എല്ലു രോഗവിദഗ്ധന്‍ ഡോക്ടര്‍ സത്യപാലനെയും ലക്ഷ്യമാക്കി പാഞ്ഞു.

ഇതിനകം ഗിരിജേടത്തിയും, അമ്മയും ഞങ്ങളെ അവിടെ കാണാതിരുന്നത് കൊണ്ട് പക്രുവിന്റെ വീട്ടിലേക്ക് അന്വേഷിച്ചു വന്നിരുന്നു. കാര്യങ്ങളൊന്നുമാറിയാത്ത അവര്‍ കൈയ്യിലുണ്ടായിരുന്ന അണ്ടിയോടു കൂടിയ കുറച്ചു കശുമാങ്ങകള്‍ ഞങ്ങള്‍ക്ക് തന്നു. അപ്പോഴാന് ഇത് ഞങ്ങള്‍ക്ക് തരാനാണ് അവര് രണ്ടു പേരും വന്നിരുന്നത് എന്ന കാര്യം മനസ്സിലായത്. അപ്പഴേക്ക് മൂത്തമ്മ അവിടെ നടന്ന സംഭവങ്ങള്‍ അമ്മയോട് വിവരിക്കാനുള്ള ആമുഖം തുടങ്ങിക്കഴിഞ്ഞിരുന്നു. കഥ കേള്‍ക്കാനായി നല്ലയവസ്ഥയിലായിരുന്ന ഗിരിജേടത്തിയും ചിരിച്ചുകൊണ്ട് കാതു കൂര്‍പ്പിക്കുന്നത് കണ്ടു.

അപ്പൂപ്പന്‍ താടികള്‍ വാങ്ങിത്തന്ന അടികള്‍

"നാലാം ക്ലാസിലെ എല്ലാ ഡിവിഷനിലേയും വിദ്യാര്‍ത്ഥികളെ ഈ വരുന്ന വെള്ളിയാഴ്ച സിനിമാപ്രദര്‍ശനത്തിനു കൊണ്ടുപോകാന്‍ തീരുമാനിച്ചിരിക്കുന്നു. പുലരി ടാക്കീസില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന 'കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍' ആണ് സിനിമ. പങ്കെടുക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ ഈ വരുന്ന ബുധനാഴ്ച്ചക്കകം ടിക്കറ്റ് നിരക്കായ രണ്ടു രൂപ അതതു ക്ലാസ് ടീച്ചര്‍മാരെ ഏല്‍പ്പിക്കേണ്ടതാണ്"

ഒറ്റവീര്‍പ്പിനെന്നോണമാണ് മെമ്മോ പ്യൂണ്‍ അബ്ദുല്ലാക്ക ക്ലാസ് റൂമില്‍വായിച്ചു കേള്‍പ്പിച്ചത്. വിജയലക്ഷ്മി ക്ലാസ്ടീച്ചര്‍ ഒന്നുകൂടി കാര്യങ്ങള്‍ വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്ക് വിശദീകരിച്ചു തന്നു. എന്റെ ബെഞ്ചില്‍ തന്നെ അടുത്തിരുന്ന ദാസന്‍ അപ്പോള്‍ത്തന്നെ കുശുകുശുക്കാന്‍ തുടങ്ങി. അവന്‍ ഈ സിനിമ കഴിഞ്ഞ ഓണപ്പൂട്ടിന് അമ്മയുടെ വീട്ടില്‍ പോയപ്പോള്‍ വീഡിയോ കാസറ്റിട്ടു കണ്ടതാണ്. എന്നാലും ഒരു തവണകൂടി കാണുമെന്നാണ് അവന്‍ പറഞ്ഞു കൊണ്ടിരുന്നത്.

അന്നു രാത്രി എനിക്ക് ഉറക്കം വന്നില്ല. കഴിഞ്ഞയാഴ്ചയാണ് മയമുട്ടിക്കായുടെ ചായക്കടയുടെ മൂന്നില്‍ ചാക്ക് കൊണ്ടുണ്ടാക്കിയ ഫ്രെയ്മില്‍ ഈ സിനിമയുടെ പോസ്റ്റര്‍ പതിച്ചത്. അന്നും പതിവു പോലെ ക്ലാസു വിട്ടു പോകുമ്പോള്‍ പുതിയ പോസ്റ്ററിലെ മുറുക്കിത്തുപ്പുന്ന സുന്ദരിയായ പെണ്‍കുട്ടിയുടെ പടം പല തവണ നോക്കി അയവിറക്കിയതാണ്. ആ സിനിമ കാണാനാണ് ഈ അവസരം കൈവന്നിരിക്കുന്നത്. തന്റെ ജീവിതത്തില്‍ ഒരു സിനിമ  തിയേറ്ററില്‍ പോയികാണാനുള്ള ആദ്യത്തെ അവസരം. പക്ഷെ രണ്ടു രൂപ അതെങ്ങനെ സംഘടിപ്പിക്കും? ചില തീരുമാനങ്ങളെടുത്തതു കൊണ്ടായിരിക്കാം, എപ്പഴോ ഉറങ്ങി.

'ഉമ്മാ... കേരള സര്‍ക്കാറിന്റെ പുത്യ സറ്റാമ്പ് വന്ന്ക്ക്ണ്. രണ്ടുറുപ്പ്യ വേണം'

രാവിലെ സ്കൂളിലേക്കിറങ്ങുന്നതിനു മുമ്പ് ഞാനെന്റെ ആദ്യ നമ്പര്‍ പുറത്തെടുത്തു

'കഴിഞ്ഞ മാസല്ലേ ജ്ജ് ഒരുറുപ്യ സ്റ്റാമ്പിന് പണ്ടാറടങ്ങ്യത്. ഞ്ഞും പ്പാനോട് ചോയിക്കാന്‍ ന്നെക്കോണ്ടജ്ജ'

ഉപ്പാന്റെ കയ്യില്‍ നിന്നു കാശു സംഘടിപ്പിക്കാനുള്ള സ്നേഹനിധിയായ ഉമ്മാന്റെ ദയനീയാവസ്ഥ ഈ വാക്കുകളിലുണ്ടായിരുന്നു.

'എന്തായാലും രണ്ടീസ്ത്തിനകം കൊടുത്തിട്ടില്ലെങ്കി ക്ലാസീന്നു പൊറത്താക്കും ന്നാണ് ടീച്ചറ് പറഞ്ഞ്ക്ക്ണത്'

ഞാന്‍ രണ്ടാമത്തെ നമ്പറും പുറത്തേക്കിട്ടു.

സാധാരണ വല്ല പുസ്തകമോ മറ്റോ വാങ്ങാന്‍ തന്നെ ഉമ്മ പരമാവധി കരഞ്ഞു കാലു പിടിച്ചാലാണ് ഉപ്പാന്റെ കൈയ്യൊന്നയയുക. ഇതിപ്പോ സ്റ്റാമ്പിന്റെ കാര്യാവുമ്പോ പ്രത്യേകിച്ച് പ്രശ്നനമാണ്. എന്നാലും ഉമ്മ നോക്കാമെന്ന് അവസാനം പറഞ്ഞ വാക്കില്‍ എന്റെ സിനിമ കാണാനുള്ള മോഹത്തിനു വീണ്ടും ചിറകു വിരിഞ്ഞു.

വെള്ളിയാഴ്ച്ച ഉച്ചക്കു ശേഷം പൈസ അടച്ച കുട്ടികളെയെല്ലാം അതതു ക്ലാസ് ടീച്ചര്‍മാര്‍ ഗ്രൌണ്ടില്‍ വരിവരിയായ് നിര്‍ത്തി. നാലാംതരം എ ക്ലാസിലെ ഏറ്റവും മുന്നിലെ ബെഞ്ചില്‍ നിന്നും ഞാനും ദാസനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ആദ്യത്തെ വരിയില്‍തന്നെ എന്റെ സ്ഥാനം ഉറപ്പായി. ഒന്നരകിലോമീറ്റര്‍ ദുരെയുള്ള ടാക്കീസിലേക്ക് ബസ്സിലാണ് യാത്ര. ടീച്ചര്‍മാര്‍ എല്ലാ കുട്ടികളേയും ബസ്സ് സ്റ്റോപ്പിലേക്ക് മേച്ചു.

'പടച്ചോനേ.... മയമുട്ടിക്കായുടെ പീടികയില്‍ പത്രം വായിച്ചിരിക്കണത് ഉപ്പ അല്ലേ....

ഭാഗ്യം ഞങ്ങളെ കണ്ടിട്ടില്ലാന്നാ തോന്നണത്... എന്നാലും ജാഥാ ക്യപ്റ്റനെപ്പോലെ മുമ്പീത്തന്നെ ലെഫ്റ്റ് റൈറ്റ് അടിച്ച് നടക്ക്ണ എന്നെ ഉപ്പ കാണാതിരിക്വോ....?

എന്തായാലും ഉണ്ടായിരുന്ന മനസ്സമാധാനം അതോടെ കപ്പലു കയറി.

തിയേറ്ററില്‍ കാക്കോത്തിയും കാലന്‍മത്തായിയും നിറഞ്ഞാടി. പാട്ടുസീനുകളില്‍ കുട്ടികളുടെ കൂടെ ഞാനും ഉറക്കെപ്പാടി, വില്ലനെ അടിക്കുമ്പോള്‍ കൈയ്യടിച്ചു, അവസാന സീനില്‍ കണ്ഠമിടറി.... രണ്ടര മണിക്കൂര്‍ സമയം പോയതറിഞ്ഞില്ല. തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കണ്ണിന് ഒരു മങ്ങല്‍ പോലെ, കണ്ണു തിരുമ്മി. അങ്ങോട്ടു പോയ ഉഷാര്‍ തിരിച്ചു വരുമ്പോള്‍ ഇല്ലെങ്കിലും വരിയില്‍ മുന്നില്‍ നിന്ന് കൊണ്ടു തന്നെ തിരിച്ചു സ്ക്കൂളിലെത്തി.

അഞ്ചു മണിയായിക്കാണും വീട്ടിലെത്തിയപ്പോള്‍ ഉപ്പ വരാന്തയില്‍ തന്നെ ചാരുകസേരയില്‍ ഇരിക്കുന്നുണ്ട്. എന്നെ ശ്രദ്ധിക്കുന്നില്ല. അതിനര്‍ത്ഥം സ്ക്കൂളില്‍ നിന്നു പോകുന്നത് കണ്ടിട്ടുണ്ടാവില്ല. കുളിച്ചു മഗ് രിബ് നിസ്കരിച്ച് പരമാവധി ഉച്ചത്തില്‍ ഖുറാന്‍ പാരായണം ചെയ്തു. മനസ്സില്‍ സിനിമയിലെ സീനുകളായിരുന്നെങ്കിലും പാഠപുസ്തകങ്ങള്‍ തുറന്നു വെച്ച് മല്ലനും മാതേവനും കൂടി യാത്ര പുറപ്പെട്ട കഥ സാധാരണയില്‍ക്കവിഞ്ഞ ആവേശത്തില്‍ ഉറക്കെ വായിച്ചു.

ഭക്ഷണം കഴിക്കാന്‍ എഴുന്നേറ്റ ഉടനെ പുറത്ത് വരാന്തയില്‍ നിന്ന് മുറ്റത്തേക്ക് കസേര മാറ്റിയിട്ട് കാറ്റുകൊണ്ടിരുന്ന ഉപ്പയുടെ സ്വതസിദ്ധമായ ഗര്‍ജ്ജനം......

'ഇബടെ വാ...... ബലാല്‍'

ശകരം മൂത്രം പൊടിഞ്ഞുകാണും... എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. ഉപ്പയുടെ അടുത്തേക്ക് നടന്നെങ്കിലും ചാരുകസേരയുടെ സൈഡിലായി പേടിച്ചു വിറച്ച് ഞാന്‍ നിന്നു.

'ങ്ങട്ട് മുന്നീക്ക് നിക്കടാ... സുവറേ... അനക്കെന്തിനേയ്ന്നടാ രണ്ടുറുപ്പ്യന്റെ ആവസ്യം'

വീണ്ടും ആക്രോശം.

'സ്......സ്......സ്....റ്റാ.....ം' മുഴുമിച്ചില്ല'
'.....ഠേ......'

കസേരയുടെ സൈഡില്‍ ഉപ്പ കരുതി വെച്ചിരുന്ന ശീമക്കൊന്ന വടി കൃത്യമായി ചന്തിക്കു നേരെ തന്നെ വന്നു പതിച്ചു. പിന്നേം ഒന്നോ രണ്ടോ തവണ കൂടി അടി വീണു കാണും. എന്തായാലും നേരത്തെ ശകരം പോയത് മുഴുവനായി.

തേങ്ങി തേങ്ങിക്കരഞ്ഞു ക്ഷീണിച്ച എന്നെ ഭക്ഷണം കഴിപ്പിച്ചു പായയില്‍ കിടത്തുന്നതുവരെ ഉമ്മ സമാധാനപ്പെടുത്തി. കിടന്നതിനു ശേഷം കാക്കോത്തിയും, കാലന്‍മത്തായിയും, അപ്പൂപ്പന്‍താടികളും ചേര്‍ന്ന് തഴുകി ഉറക്കി.

മൊയല്യാരുടെ പരലോകം

ഇന്നും മതപാഠശാലയില്‍ മൊയല്യാര്‍ പഠിപ്പിച്ചത് ലോകാവസാനത്തെപ്പറ്റി തന്നെ. എത്ര ദിക്റ് മന്ത്രങ്ങള്‍ ഉരുവിട്ടു കിടന്നാലും ഭൂമി പിളരുന്നതും, സൂര്യന്‍ താഴോട്ടു പതിക്കുന്നുതും, കടല്‍ കരയെ വിഴുങ്ങുന്നതുമായ ഭീതിദായകസ്വപ്നങ്ങള്‍ എന്റെ ഉറക്കത്തെ അന്നു രാത്രിയും കടമെടുത്തു.

 'ഈ മൊയല്യാര്‍ക്ക് വേറെ ഏതെങ്കിലും വിഷയം പഠിപ്പിച്ചൂടെ'

എന്റെ വിഷമം ഞാന്‍ കൂട്ടുകാരനോട് പറഞ്ഞു. അപ്പോഴാണ് നാട്ടില്‍ ഈ മൊയല്യാരെ പറ്റി പരന്നു കൊണ്ടിരിക്കുന്ന ഞെട്ടിക്കുന്ന കഥ അവന്‍ എന്നോട് പറഞ്ഞത്. പക്ഷെ ഞാന്‍ വിശ്വസിച്ചില്ല, എത്രായാലും ഒരു മൊയല്യാരല്ലെ... 

നിങ്ങളും വിശ്വസിക്കരുതേ..

മതപ്രസംഗപാടവത്തില്‍ പേരെടുത്തിട്ടുള്ള ഈ മൊയല്യാര്‍ പരലോകം, നരകം, ലോകാവസാനം എന്നി വിഷയങ്ങളിലാണ് ഏറ്റവും കൂടുതല്‍ പ്രസംഗം നടത്തിയിട്ടുള്ളത്. അന്നു രാത്രിയും മൈക്കിലൂടെ തടിച്ചു കൂടിയ നൂറോളം ജനങ്ങളെ സാക്ഷി നിര്‍ത്തി തന്റേതായ ശൈലിയില്‍ അദ്ദേഹം ഉച്ചൈസ്തരം ഉദ്ഘോഷിച്ചു. 

'സഹോദരീ - സഹോദരന്മാരെ,

നിങ്ങള്‍ തെറ്റിലേക്ക് പോകരുത്, അനീതി ചെയ്യരുത്, അക്രമങ്ങള്‍ അഴിച്ചു വിടരുത്, കള്ളു കുടിക്കരുത്, ചീട്ടു കളിക്കരുത്, വ്യഭിചരിക്കരുത്.... ലോകാവസാനാളില്‍ പരലോകത്ത് ദുനിയാവില്‍ ഇത്തരം കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരെ ദൈവം ഒരുമിച്ചു കൂട്ടും. തെറ്റു ചെയതവര്‍ക്ക് അവര്‍ ചെയ്ത തെറ്റിന്റെ തോതനുസരിച്ചായിരിക്കും അവിടെ ശിക്ഷ വിധിക്കപ്പെടുന്നത്. വ്യഭിചാരം ചെയ്തവരെ കത്തിയെരിയുന്ന ഒരു ചാണ്‍ സൂര്യനു താഴെ, ചുട്ടുപൊള്ളുന്ന കമ്പികള്‍ കൊണ്ടുണ്ടാക്കിയ മുള്ളുകള്‍ നിറഞ്ഞ മരത്തിനു മകുളില്‍ കയറ്റി നിര്‍ത്തുന്നതാണ്....'

പ്രസംഗം കേട്ട് ജനങ്ങള്‍ തരിച്ചിരുന്നു പോയി. പലരുടേയും മനസ്സില്‍ പരലോകത്തെ ശിക്ഷാവിധികളാലോചിച്ച് അപ്പോള്‍ തന്നെ ചെറിയ ചൂടു കമ്പിമുള്ളുകള്‍ തളച്ചു കയറാന്‍ തുടങ്ങി. പ്രസംഗം അവസാനിച്ചു, ജനങ്ങളെല്ലാം പിരിഞ്ഞു. അടുത്ത ദിവസം മൊയല്യാര്‍ക്ക് ഉച്ചഭക്ഷണം നാട്ടിലെതന്നെ ഒരു ഗള്‍ഫുകാരന്റെ വീട്ടിലായിരുന്നു. സുന്ദരിയായ സ്ത്രീയും രണ്ടു കുട്ടികളും മാത്രം താമസിക്കുന്ന വീട്ടിലേക്ക് ഗള്‍ഫില്‍ നിന്ന് തന്റെ ഭര്‍ത്താവ് പ്രത്യേകം വിളിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ ഭക്ഷണമൊരുക്കി അവര്‍ മൊയല്യാരെ ക്ഷണിച്ചത്. ഭക്ഷണം കഴിച്ച് നീണ്ട ഒരേമ്പക്കവുമിട്ട് വീടിന്റെ സിറ്റൌട്ടിലിരുന്നിരുന്ന മൊയല്യാര്‍ക്ക് പെട്ടെന്നൊരു മനം പുരട്ടലും, ദാഹവും. അകത്ത് കയറി വീട്ടുകാരിയോട് വെള്ളം ചോദിച്ചു. ഒരു ഗ്ലാസ് വെള്ളവുമായി എത്തിയ വീട്ടുകാരിയുടെ കൈയ്യില് കയറിപ്പിടിച്ചപ്പോഴാണ് മൊയല്യാരുടെ മനം പുരട്ടലിന്റേയും ദാഹത്തിന്റേയും ആഴം ആ പാവം വീട്ടമ്മക്ക് മനസ്സിലായത്. കയ്യ് വിടുവിച്ച് കുതറിമാറിക്കൊണ്ട് അവര്‍ പറഞ്ഞു.

'ഞാനിന്നലെ മൊയല്യാരുടെ പ്രസംഗം കേട്ടതാണ്. ന്റെ പടച്ചോനെ.... നാളെ പരലോകത്തേ ങ്ങള് പ്രസംഗിച്ച ശിക്ഷാവിധി..... ക്ക് ആലോചിക്കാനേ വയ്യ... ങ്ങള് വേഗം സ്ഥലം വിട്ടോളിന്‍ ഇവിടുന്ന് !!!'

തന്റെ ഇംഗിതത്തിന് തന്റെ തന്നെ വാക്കുകള്‍ വിഘാതമായതോര്‍ത്ത് മൊയല്യാര്‍ അടവൊന്നു മാറ്റി.

'എടി പഹയച്ചീ.. ബുദ്ദൂസേ... കോടിക്കണക്കിന് ആള്‍ക്കാരാണ് ഈ തെറ്റു ചെയ്ത് നാളെ പരലോകത്ത് എത്തുന്നത്. എല്ലാര്‍ക്കും കേറാന്‍ ആകെ ഒറ്റ മരേ ഉള്ളൂ അവിടെ... നമ്മളൊക്കെ അവിടെയെത്തുമ്പോഴേക്കും എല്ലാരും കേറിയിറങ്ങി മരത്തിലെ മുള്ളൊക്കെ തേഞ്ഞു പോയിട്ടുണ്ടാവും. മാത്രല്ല, നട്ടുച്ചക്ക് മരത്തിമ്മേ കയറാന്‍ പോയാലേ ചൂടിന്റെം പ്രശ്നം ഉണ്ടാവൊള്ളൂ'

ഇതും പറഞ്ഞ് മറുപടിക്ക് കാത്തു നില്‍ക്കാതെ മൊയല്യാര്‍ വാതിലിന് സാക്ഷയിട്ടു.

ഈ സമയത്ത് ഗള്‍ഫില്‍ പന്ത്രണ്ടു നില കെട്ടിടത്തിനു മുകളില്‍, കത്തിയെരിയുന്ന സൂര്യനു താഴെ, ചുട്ടു പഴുക്കുന്ന ഇരുമ്പു കോണിയിലിരുന്നു കോണ്‍ക്രീറ്റിനു വേണ്ട കമ്പികള്‍ വലിച്ചു കെട്ടുകയായിരുന്നു പാവം ഗള്‍ഫുകാരന്‍.

(പിന്‍കുറിപ്പ്: ഇതു ഞാന്‍ പണ്ട് ഒരു പണ്ഡിതനില്‍ നിന്നും കേട്ട കഥയാണ്. അതിനെ എന്റേതായ ചില മാറ്റങ്ങള്‍ വരുത്തി നിങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചു എന്ന് മാത്രം)

പുണ്യള്ള സക്കാത്ത്

ഇന്ന് ഇരുപത്തേഴാം രാവ്, സക്കാത്തിന്റെ ദിവസം. അത്താഴം കഴിച്ചൊന്ന് മയങ്ങാന് കിടന്നിട്ടും ഉറക്കം കണ്ണുകളെ തഴുകിയില്ല. നേരത്തെ ഉണരണം, പരമാവധി വീടുകളിലെത്തി സക്കാത്ത് സംഘടിപ്പിക്കണം, കഴിഞ്ഞ പ്രാവശ്യം കിട്ടിയ പതിനെട്ട് രൂപ ഇപ്രാവശ്യം ഇരട്ടിയെങ്കിലുമാക്കണം, പെരുന്നാളിന് ഓലപ്പടക്കവും തിരപ്പടക്കവും കൂടാതെ തിരപ്പടക്കം പൊട്ടിക്കാനുള്ള തോക്കും സ്വന്തമാക്കണം അങ്ങനെയങ്ങനെ മനസ്സില് ഉരുണ്ടു വന്ന കാര്യങ്ങള് അയവിറക്കി ഏപ്പോഴോ മയക്കത്തിലേക്ക് വീണു.
'മോനേ.... പോയി സുബ്ഹി നിസ്ക്കരിക്കെടാ..'
സാധാരണ ഉമ്മയെ പരമാവധി ദേഷ്യം പിടിപ്പിച്ച് മാത്രം തല പൊന്തിക്കാറുള്ള ഞാന് അന്ന് ഉമ്മയുടെ ആദ്യത്തെ സ്നേഹവിളിയില് തന്നെ ഉണര്ന്നെഴുന്നേറ്റു, പല്ലു തേച്ചു മുഖം കഴുകി വുളു ചെയ്ത് പ്രഭാതനമസ്ക്കാരം നിര്വഹിച്ചു. വെളിച്ചം പൂര്ണ്ണമായി വീണിട്ടില്ലെങ്കിലും, പരിചിതമായ വഴിയായത് കൊണ്ട് കളിക്കൂട്ടുകാരന് അബ്ദുവിന്റ വീട്ടിലേക്ക് വെച്ചു പിടിച്ചു. അവനും നേരത്തേ തന്നെ തയ്യാറായി എന്നേയും കാത്തിരിക്കുകയായിരുന്നു. നാട്ടിലെ പ്രമുഖനും പണക്കാരനുമായ ഹുസ്സൈനാജിയുടെ വീട്ടിലേക്ക് തന്നെ ആദ്യസക്കാത്തിനുള്ള കാളിംഗ് ബെല്ല് മുഴക്കി. ബെല്ലിന്റെ അലര്ച്ച രണ്ടുമൂന്നു തവണ കേള്പ്പിച്ചിട്ടും പ്രതികരണം കാണാതിരുന്നപ്പോള് കാര്യം മനസ്സിലായി. തുടക്കം തന്നെ മുടക്കത്തിലായെങ്കിലും, തുടര്ന്നു കയറിയ വീടുകള് ഞങ്ങളുടെ കീശകളെ ആശ്വാസപ്പെടുത്തി. കുറച്ചു ദൂരം നടന്ന ഞങ്ങളെ സക്കാത്ത് കിട്ടാന് യാതൊരു സാധ്യതയും ഇല്ല എന്നു തോന്നിക്കുന്ന ഒരു പഴയ വീടിനു മുന്നിലെ ക്യൂവിന് പിറകിലെത്തിച്ചു. ഞങ്ങളെപോലെയുള്ള കൊച്ചു കുട്ടികള്ക്ക് രണ്ടു രൂപ, മുതിര്ന്നവര്ക്കു അഞ്ചു രൂപ, പ്രായം തോന്നിക്കുന്നവര്ക്ക് പത്തു രൂപ. ഈയൊരളവിലാണ് വളരെ പ്രായം തോന്നിക്കുന്ന ഒരു വല്യുപ്പ അവിടെ സക്കാത്ത് കൊടുത്തു കൊണ്ടിരുന്നത്. എന്റെ ഊഴം എത്തിയപ്പോഴേക്കും രണ്ടു രൂപയുടെ നാണയങ്ങള് കഴിഞ്ഞിരുന്നു. ക്യൂവില് എന്റെ മുന്നിലുണ്ടായിരുന്ന അബ്ദുവിനും കിട്ടി രണ്ടു രൂപ. ഞാന് നിരാശനായി തിരിഞ്ഞു നടക്കാന് തുടങ്ങിയപ്പോള് പിറകില് നിന്ന് വല്യുപ്പാന്റെ ചോദ്യം.

'അന്റെ കജ്ജില് എത്രറുപ്യ ണ്ട്?'

ഞാനുടനെ നിക്കറിന്റ രണ്ടു പോക്കറ്റിലും തപ്പി നാണയത്തുട്ടുകള് പുറത്തെടുത്തു എണ്ണി നോക്കി. മൊത്തം ഏഴുരൂപ എണ്ണി വല്യുപ്പാക്ക് കൊടുത്തു. തിളങ്ങുന്ന പത്തു രൂപ നോട്ട് തിളക്കമാര്ന്ന കണ്ണുകളോടെ തിരിച്ചു പോക്കറ്റിലിടുമ്പോള് അബ്ദുവിനെയൊന്നു കാണിക്കാനും ഞാന് മറന്നില്ല.

അധികം ദൂരം നടന്നു ക്ഷീണിച്ചെങ്കിലും, വിചാരിച്ചതിലും കൂടുതല് കിട്ടിയ സംഖ്യ ഞങ്ങളുട പോക്കറ്റുകളെ പുളകം കൊള്ളിച്ചു. പരിചയമില്ലാത്ത ആ സ്ഥലത്തു നിന്നു വേഗം തിരിച്ചു വീട്ടിലേക്കു പോകാമെന്ന തീരുമാനിച്ചു തിരിഞ്ഞു നടക്കുമ്പോള് ആരോ ഞങ്ങളെ കൈ കാട്ടി വിളിക്കുന്നു. നോക്കുമ്പോള് ഒരു പഴയ ഹിന്ദു തറവാട് എന്ന് തോന്നിക്കുന്ന വീട്. ചാണകം മെഴുകിയ മുറ്റം. കാര്യസ്ഥനെന്നു തോന്നിക്കുന്ന ഒരാള് ആ വീടിന്റെ കാവിയിട്ട സീറ്റിനു മുകളില് ഇരിക്കുന്നു. അദ്ദേഹമാണ് ഞങ്ങളെ വിളിച്ചത്. വീടിനടുത്തെത്തിയപ്പോള് പ്രായം തോന്നിക്കുന്ന ഒരു അമ്മൂമ്മ താഴെ തറയില് കാലും നീട്ടിയിരിക്കുന്നു. പിന്നീട് അമ്മൂമ്മയാണ് ഞങ്ങളോട് സംസാരിച്ചത്. 
'ഇവിടെ ആദ്യായിട്ട് ആണ് ല്ലേ.... ഇങ്ങോട്ട് കേറി വന്നോളൂ... വീട്ടില് എത്ര പേര് ഉണ്ട്?'

ഞാന് : 'അഞ്ച്' 
അബ്ദു: 'ഏഴ്'
അമ്മൂമ്മ : 'സഞ്ചി കൊണ്ട്വന്ന് ട്ട് ണ്ടോ?'
ഞങ്ങള് പരസ്പരം നോക്കി പറഞ്ഞു: 'ഇല്ല'

എന്തോ നിര്ദേശം കിട്ടിയത് പോലെ കാര്യസ്ഥന് എന്നു തോന്നിക്കുന്നയാള് അകത്തു പോയി രണ്ടു കവറുകളുമായി വന്നു. ഉമ്മറത്ത് ഒരു മൂലയില് ഇരിക്കുന്ന അരിച്ചാക്കില് നിന്നും കൃത്യമായി നാഴിയിടങ്ങഴിയില് അരി അളന്നു കവറിലിട്ടു ഞങ്ങളുടെ കൈകളില് തരുന്നതിനിടെ അമ്മൂമ്മ പറഞ്ഞു.

'അടുത്ത പ്രാവശ്യവും വന്നോളൂട്ടോ...'

വീട്ടില് തിരിച്ചെത്തി ഉമ്മയെ അരിയടങ്ങിയ കവറേല്്പ്പിച്ച് അരി കിട്ടിയ കഥ ചുരുക്കിയൊന്നു വിവരിച്ചു കൊടുത്ത് ഉമ്മറത്തിരുന്ന് ധൃതിയില് പോക്കറ്റില് നിന്നും നാണയങ്ങള് നിലത്തേക്കിട്ടു എണ്ണിത്തിട്ടപ്പെടുത്തുമ്പോഴാണ് അകത്ത് നിന്ന് ഉമ്മയുടെ വാക്കുകള് ചെവിയിലേക്കെത്തിയത്.

'ദാനധര്മ്മം ആര് ചെയ്താലും അത് പുണ്യള്ള കാര്യാ അനക്ക് കിട്ടിയ അഞ്ച് നാഴിയരിയും ഒരു പുണ്യള്ള സക്കാത്താണ്'