സമര്‍പ്പണം

അങ്കണവാടിയിലെ പുതപ്പിനുള്ളില്‍ ഉറക്കം കിട്ടാതെ മോങ്ങിയിരുന്ന എന്നെ വീട്ടില്‍ പോകാനനുവദിച്ച പ്രേമ ടീച്ചര്‍ക്ക്...


എന്നെ വീട്ടിലേക്ക് സുരക്ഷിതമായി എത്തിച്ചു തന്ന ശ്രുതി ആയക്ക്...


ഒന്നാം ക്ലാസില്‍ ആരാകണമെന്ന് ചോദിച്ചപ്പോള്‍ പൈലറ്റാകണമെന്ന പറഞ്ഞ രണ്ടു പേരിലൊരാളായ എന്നെ അഭിനന്ദിച്ച നഫീസ ടീച്ചര്‍ക്ക്...


രണ്ടാം ക്ലാസില്‍ പിണക്കത്തിന്‍റെ സിംബലായ രണ്ടു  വിരല്‍ പിണര്ത്തി അതിനെ വിടുവിക്കുന്നത് കാണിച്ചപ്പോള്‍ കൌതുകത്തോടെ നോക്കിയ കരുണാകരന്‍ മാഷിന്...


മൂന്നാം ക്ലാസില്‍ 3-B എന്ന ബോര്‍ഡ് ഭംഗിയായി വെച്ചപ്പോള്‍ മിടുക്കനെന്ന് വിളിച്ച ലളിത ടീച്ചര്‍ക്ക്...

നാലാം ക്ലാസില്‍ 'ആകപ്പാടഞ്ചോ പത്തോ സെന്‍റൊണെന്ന പുരയിടം' എന്ന മാപ്പിളഗാനം പാടാന്‍

എനിക്കു കഴിയുമെന്ന ലളിതടീച്ചറുടെ കണ്ടെത്തലിനെ പിന്തുണച്ച വിജയലക്ഷ്മി ടീച്ചര്‍ക്ക്...


അഞ്ചാം ക്ലാസില്‍ നിങ്ങളൊക്കെ കണക്കാ.. എന്നു പറഞ്ഞ് കണക്ക് പഠിപ്പിച്ചിരുന്ന, എന്നും സാരിക്ക് മാച്ച് ചെയ്യുന്ന പൊട്ടിട്ടു വന്നിരുന്ന ഉഷ ടീച്ചര്‍ക്ക്...


ആറാം ക്ലാസില്‍ മോണോആക്ടിന്‍റെ റിഹേഴ്സലിനു പനി മൂലം വരാതിരുന്ന എന്നെ സ്റ്റാഫ് റൂമില്‍ വിളിച്ച് ചന്തിക്കു വടി കൊണ്ടടിച്ച രാജന് മാഷിന്...


എഴാം ക്ലാസില്‍ ഏഴുപേരടങ്ങിയ ഞങ്ങളുടെ കൂട്ടത്തിലൊരാളായി മാറിയ മിനിടീച്ചര്‍ക്ക്.... (നൌഷാദ്, ജിഷാദ്, സുമേഷ്, സജിത, സഫൂറ, സ്മിത പിന്നെ മിനിടീച്ചറും)


എട്ടാം ക്ലാസിലെ ബോര്‍ഡില്‍ എന്നും ഓരോ ഉദ്ധരണികള്‍ എഴുതിവെക്കണമെന്ന് നിഷ്കര്‍ഷിച്ച കുട്ടന് മാഷിന്.... (മുഴുവന്‍ പേര് കൃഷ്ണകുമാര്‍)


ഒന്പതാം ക്ലാസില്‍ യെല്ലാരും പ്യാപ്പറെടുത്ത പ്യാരെഴുതിത്തരിക എന്ന് പറഞ്ഞിരുന്ന അയമാവതി ഹിന്ദി ടീച്ചര്‍ക്ക്...


പത്താം ക്ലാസില്‍ ചിതലിരിച്ച് കിടന്ന പുറത്തൂര്‍ ‍ഹൈസ്കൂളിലെ ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങളെടുത്ത് തന്ന് എന്നില്‍ വായനാശീലം വളര്‍ത്താന്‍ ശ്രമിച്ച ദിവാകരന് മാഷിന്...



മന:പ്പൂര്‍വ്വം വിട്ടവര്‍ സദയം ക്ഷമിക്കുക....

No comments:

Post a Comment