സദ്ദാം
ഹുസ്സൈന്‍ അമേരിക്കയെ വിറപ്പിക്കുന്ന കാലം. അക്കാലത്ത് തന്നെയാണ് അനുജന്‍
അബ്ദുറഹീം നാട്ടുകാരെയും, വീട്ടുകാരെയും വിറപ്പിക്കാന്‍ തുടങ്ങിയത്.
എല്ലാവരും ചേര്‍ന്ന് 'സദ്ദാം' എന്ന പേര് അവന് ചാര്‍ത്തിക്കൊടുത്തതിലെ
ചോതോവികാരവും മറ്റൊന്നുമായിരുന്നില്ല. ഒരിക്കല്‍ വീട്ടില്‍ എല്ലാവരെയും
വിറപ്പിക്കുന്ന ഉപ്പാക്കും കിട്ടി സദ്ദാമിന്റെ മിസൈല്‍ ആക്രമണം. പശുവിനെ
കെട്ടാന്‍ കുറ്റി തറക്കുന്നതിന് ഉപയോഗിക്കുന്ന മേടി കയ്യില്‍ കിട്ടിയ
സദ്ദാം വിക്ഷേപണകേന്ദ്രകയ്യില്‍ നിന്നും നേരെ കറക്കി ഉപ്പയുടെ
തിരുനെറ്റിയിലേക്ക് വിക്ഷേപിച്ചു. കറങ്ങിത്തിരിഞ്ഞു മേടി ലക്ഷ്യസ്ഥാനത്തു
പതിച്ചതും ഉപ്പ തരിച്ച് താഴെയിരുന്നു പോയി. അവനെ ഏല്‍പ്പിച്ച പശുക്കുട്ടി
തെങ്ങും തൈ കടിച്ചത് ശ്രദ്ധിക്കാതിരുന്നതിന് ഉപ്പ പതിവുശൈലിയില്‍ വഴക്ക്
പറഞ്ഞതാണ് ആക്രമണകാരണം.
മറ്റൊരിക്കല്‍
പഴുത്ത മുവാണ്ടന്‍ മാങ്ങ പൂണ്ടു കഴിക്കുന്നതിനിടെ മുപ്പനോഹരി എന്നില്‍
നിന്നും കൈപ്പറ്റിയിട്ടും അവസാനം അതിന്റെ അണ്ടിക്ക് വേണ്ടിയാരു ശണ്ഠക്കിടെ
എനിക്കും കിട്ടി ഒരു സദ്ദാം ആക്രമണം. എന്റെ കയ്യില്‍ നിന്നും മാങ്ങ
പൂളാനുപയോഗിച്ച കത്തി വാങ്ങി കാല്‍മുട്ടിന് താഴെ നോക്കിയൊരു വെട്ട്. ഇന്നും
ആ മുറിവടയാളം അവിടെയുണ്ടെങ്കിലും, മനസ്സില്‍ അവനോട് സ്നേഹത്തിന്റെ
അടയാളങ്ങളേ ഉള്ളൂ. പിന്നീട് യഥാര്‍ത്ഥ സദ്ദാം ഹുസൈനിന്റെ പതനത്തില്‍ മനം
നൊന്തിട്ടാണോ അതോ വളര്‍ച്ചയുടെ മാറ്റം ഉള്‍ക്കൊണ്ടിട്ടാണോ പത്താം ക്ലാസ്
കഴിഞ്ഞപ്പോഴേക്കും കുടുംബത്തിലെ തന്നെ ഏറ്റവും വലിയ സാധുഗാന്ധിയായി മാറി ഈ
അനുജന്‍ അബ്ദുറഹീം.
ഇത്രയും
ഞാന്‍ ഇവനെക്കുറിച്ച് പറഞ്ഞത് ഒരു പഴയ കഥപറയാനാണ്. വെള്ളിയാഴ്ച
വൈകുന്നേരങ്ങളെ കാത്തിരിക്കുന്ന കാലം, നാളെയും മറ്റന്നാളും അതായത് ശനിയും
ഞായറും അവധിയാണെന്നോര്‍ക്കാന്‍ തന്നെ അഞ്ചാം ക്ലാസുകാരനായ എനിക്ക് ഒരു
സമനസ്സിനു ഒരു സുഖമായിരുന്നു. ഒഴിവുദിനങ്ങളിലെ ഞങ്ങളുടെ വിഹാരകേന്ദ്രമായ
ഗോപന്‍ നായരുടെ ഒന്നരയേക്കറോളം വരുന്ന തെങ്ങും പറമ്പ്, തെങ്ങും പറമ്പ്
എന്ന് പറഞ്ഞാല്‍ തെങ്ങ് മാത്രമല്ല, മൂവാണ്ടന്‍ മാവും, എരഞ്ഞിപ്പഴവും,
എരമംഗലമരവും, ഞാവല്‍പഴവും, പുളിയും, കാറപ്പഴവും, കശുമാവും അങ്ങനെ പേര്
പോലും അറിയാത്ത പലയിനം ഫലവൃക്ഷലതാദികളുടെ കേന്ദ്രമാണവിടം, കൂടാതെ പഴമ
വറ്റാത്ത ഒരു പൊട്ടന്‍ കുളവും, കാവും. പറമ്പിന്റെ ഏകദേശം നടുവിലായി ഗോപന്‍
നായരുടെ പൊളിഞ്ഞു വീഴാറായ പഴയ നായര്‍ തറവാട്. അവിടെ അന്ന് താമസിച്ചിരുന്നത്
ഗോപന്‍ നായരുടെ അമ്മയും കൂട്ടിന് 'ഗിരിജപ്പൊട്ടത്തി' എന്ന് ഞങ്ങള്‍
വിളിച്ചിരുന്ന മാനസികരോഗിയായ പെങ്ങളും മാത്രം. ഡോക്ടര്‍ വിഭാഗം പഠിപ്പ്
കഴിഞ്ഞ് കോയമ്പത്തൂര്‍ എന്തോ പ്രധാനപ്പെട്ട റിസര്‍ച്ച്
നടത്തിക്കൊണ്ടിരിക്കെ ബുദ്ധി കൂടിയിട്ടാണത്രേ മാനസികനില തെറ്റിയത്. അങ്ങനെ
ബുദ്ധി കൂടിയാലും മാനസികനില തെറ്റുമോ? എനിക്കറിയില്ല, പക്ഷെ അങ്ങനെയൊരു
കാര്യം ആരോ പറഞ്ഞു കേട്ട ശേഷം ഞാന്‍ പിന്നെ അവരെ ഗിരിജേടത്തി എന്നേ
വിളിക്കാറുള്ളൂ. പക്ഷെ ചില ഘട്ടങ്ങളില്‍ കയ്യില്‍ കിട്ടിയതെന്തുമെടുത്ത്
ആക്രമിക്കുന്ന ഒരു സ്വഭാവവും കൂടിയുള്ളത് കൊണ്ട് ഞങ്ങള്‍
കുട്ടികള്‍ക്കൊക്കെ ഭയങ്കര പേടിയായിരുന്നു ഈ ഗിരിജേടത്തിയെ.
സമപ്രായക്കാരായ
പക്രു എന്ന് വിളിക്കുന്ന ഫക്രുദ്ധീനും സുനി എന്ന് വിളിക്കുന്ന സുനില്‍
കുമാറും ചില ശിങ്കിടികളും ഒരു പഴഞ്ചന്‍ ഫുട്ബാളുമായി എന്നെയും സദ്ദാമിനെയും
വിഹാരകേന്ദ്രത്തില്‍ കാത്തു നില്‍ക്കുന്നുന്നുണ്ടായിരുന്നു. സദ്ദാമിന്
കളിക്കാന്‍ പ്രായമായിട്ടില്ല എന്നാരോപിച്ചതിന് അവന്റടുത്ത് നിന്നും
തലക്കിട്ട് കിട്ടിയ കിഴുക്കും വാങ്ങി മോങ്ങി ശിങ്കിടികളില്‍ ഒരുത്തന്‍
സ്ഥലം വിടുന്നത് കണ്ടു. ഗോളിയാക്കി നിര്‍ത്താമെന്ന വ്യവസ്ഥ സമ്മതിച്ച്
ഒടുവില്‍ അവനെയും കളിക്കാനിറക്കി. ടീമെടുക്കുന്ന കാര്യത്തില്‍ തുടങ്ങുന്ന
പതിവു തര്‍ക്കത്തില്‍ തന്നെ കളി തുടങ്ങുകയും ഗോളല്ല, ഗോളാണ് എന്ന രീതിയില്‍
പുരോഗമിച്ച് കള്ളക്കളിയാണ് എന്ന വാദത്തില്‍ അന്നും അവസാനിപ്പിച്ചു.
അടുത്ത
ഘട്ടം കശുമാവിന് കല്ലെറിയലായിരുന്നു. ശിങ്കിടിമാരില് പലരും
പിരിഞ്ഞുപോയിരുന്നെങ്കിലും ഞാനും സദ്ദാമും, പക്രുവും, സുനിയും മാറി മാറി
നല്ല ചുവപ്പ് നിറത്തില്‍ പഴുത്ത് പാകമായി നില്‍ക്കുന്ന കശുമങ്ങയെ
ലക്ഷ്യമാക്കി കല്ലെറിയാന്‍ തുടങ്ങി. കശുമാങ്ങ കിട്ടിയാല്‍
രണ്ടുണ്ടായിരുന്നു കാര്യം, മാങ്ങ തിന്നുകേം ചെയ്യാം, കശുവണ്ടി അപ്പുനായരുടെ
കടയില്‍ കൊടുത്താല്‍ ഒരണ്ടിക്ക് അഞ്ചു പൈസയോ അതല്ലെങ്കില്‍ സമാനമായ
തുകക്ക് തേനാര്‍ മിഠായിയോ കിട്ടും. ഞങ്ങളുടെ എറിയാനുള്ള ആവേശത്തിനു
പിന്നിലെ രഹസ്യവും ഇതു തന്നെ. വീറോടെ മാറി മാറി എറിഞ്ഞെങ്കിലും ഉയരമുള്ള
മാവ് ഒന്നോ രണ്ടോ കശുമാങ്ങയെ കനിഞ്ഞു തന്നൊള്ളൂ. ഇതിനിടെ പക്രുവാണ് ആ ആശയം
പറഞ്ഞത്.
'ഞമ്മക്ക് പറങ്കൂച്ചിന്റെ മോളില്‍ കേറി പൊട്ടിച്ചാലോ.....?'
'വേണ്ട, ഗിരിജപ്പൊട്ടത്തിയെങ്ങാനും കണ്ടാ പിന്നെ...'
സുനില്‍ നിരുത്സാഹപ്പെടുത്തി.
മറുപടിക്കു കാത്തു നില്‍ക്കാതെ തന്നെ പക്രു മരത്തില്‍ അള്ളിപ്പിടിച്ച് കയറാന്‍ തുടങ്ങിയിരുന്നു. പിറകെ സദ്ദാമും.
'ആ.... ഹാ... ഏട്ടനായ ഞാനിവിടെ നില്‍ക്കുമ്പോ ജ്ജ് കയറോ....'
'താഴെ നിന്ന് ഞങ്ങള് പൊട്ടിച്ചിടുന്നത് പെറുക്ക്യാ മതി...'
ഒരു ഏട്ടന്റെ അധികാരത്തോടെയുള്ള എന്റെ വിലക്ക്
'ഞാനും കേറും....!'
സദ്ദാമിന്റെ മുന്നിലോ എന്റെ വിലക്കിന് വില, ഒടുവില്‍ മനസ്സില്ലാ മനസ്സോടെ സുനിലും മുകളിലെത്തി. അഞ്ചെട്ടു കശുമാങ്ങ പലയിടത്തുനിന്നും ഏന്തിയും വലിഞ്ഞു മറ്റും എല്ലാരും പൊട്ടിച്ചു. അവിടെ ഇരുന്നു കൊണ്ടു തന്നെ തിന്നതിനു തെളിവായി പരമാവധി മാങ്ങക്കറകള് ഷര്‍ട്ടിലും ട്രൌസറിലുമൊക്കെയാക്കി, അണ്ടികള്‍ ട്രൌസറിന്റെ പോക്കറ്റിലും. ഇതിനിടെ മാവിന്റെ ഏകദേശം മുകളിലെത്തിയിരുന്ന പക്രുവാണ് ആ കാഴ്ച കണ്ടത്.
'എടാ ചാടിക്കോ... ഗിരിജപ്പൊട്ടത്തിയും, അമ്മേം ഇങ്ങട്ടേക്ക് വര്ന്ന്ണ്ട്....'
ഇതും പറഞ്ഞ് പക്രു പതിനഞ്ചോ ഇരുപതോ അടിയോളം വരുന്ന മുകളിലെ കൊമ്പില്‍ നിന്നും താഴോട്ട് ചാടി. ഗിരിജേടത്തിയുടെ ഏറിന്റെ ഉശിര് നേരത്തെ അറിഞ്ഞ സുനിയും പിറകെ ചാടി, മനസ്സില്ലാ മനസ്സോടെ ഞാനും. താഴെയെത്തിയ ഉടനെ സദ്ദാമിനെ നോക്കി ഞാന്‍ അലറി.
'ജ്ജ് ചാടണ്ടടാ.. എറങ്ങ്യാ മതി, അവരടുത്തെത്താനായിട്ടൊന്നൂല്ലാ..'
ഏട്ടനെ അച്ചട്ട അനുസരിക്കുന്ന സ്വഭാവം പണ്ടേയുള്ള സദ്ദാമുണ്ടോ വക വെക്കുന്നു.അവനും താഴോട്ട് ആപതിച്ചു. താഴെയെത്തിയ സദ്ദാം നിലത്തൊന്നിരിന്നു. പിന്നെ എഴുന്നേല്‍ക്കുന്നില്ല്ല പക്രുവും സുനിയും അപ്പോഴേക്കും പറമ്പിനു പുറത്തെത്തിയിരുന്നു. എന്തോ പന്തികേട് തോന്നിയ ഞാന്‍ അവന്റെ കൈ പിടിച്ചു വലിച്ചുകൊണ്ട് വീണ്ടും അലറി.
'ഓടെടാ പൊട്ടാ...'
വേച്ചുവേച്ചാണെങ്കിലും
അവനും ഓടി, പറമ്പിനടുത്തുള്ള പക്രുവിന്റെ വീട്ടിലെത്തിയ ഉടനെ അവന്‍
നിലത്തു കിടന്നു. കാലിന്റെ ഞെരിയാണിക്കു താഴെ മുഴച്ചു മുഴച്ചു വരുന്നു.
ബേജാറായ ഞാന്‍ അടുത്ത് തന്നെയുള്ള അത്യാവശ്യം കളരിയും മര്‍മ്മവും,
തിരുമ്മും കൈ മുതലായുള്ള മൂത്താപ്പാനെ ഉടനെ പോയി വിളിച്ചു കൊണ്ടു വന്നു.
മൂത്താപ്പ കാലൊക്കെ ഒന്നു ഞെക്കിനോക്കി ഉടനെ തീരുമാനമറിയിച്ചു.
'എല്ല് പൊട്ടിക്ക്ണ് വേഗം ഓട്ടോര്‍ഷ വിളിച്ചോളിം..'
സൈതാല്യാക്കാന്റെ
ഓട്ടോറിക്ഷ നിമിഷങ്ങള്‍ക്കകം സദ്ദാമിനെയും, മൂത്താപ്പാനെയും നാട്ടിലെ
മറ്റു മുതിര്‍ന്ന രണ്ടുപേരും വഹിച്ചു എല്ലു രോഗവിദഗ്ധന്‍ ഡോക്ടര്‍
സത്യപാലനെയും ലക്ഷ്യമാക്കി പാഞ്ഞു.
ഇതിനകം
ഗിരിജേടത്തിയും, അമ്മയും ഞങ്ങളെ അവിടെ കാണാതിരുന്നത് കൊണ്ട് പക്രുവിന്റെ
വീട്ടിലേക്ക് അന്വേഷിച്ചു വന്നിരുന്നു. കാര്യങ്ങളൊന്നുമാറിയാത്ത അവര്‍
കൈയ്യിലുണ്ടായിരുന്ന അണ്ടിയോടു കൂടിയ കുറച്ചു കശുമാങ്ങകള്‍ ഞങ്ങള്‍ക്ക്
തന്നു. അപ്പോഴാന് ഇത് ഞങ്ങള്‍ക്ക് തരാനാണ് അവര് രണ്ടു പേരും വന്നിരുന്നത്
എന്ന കാര്യം മനസ്സിലായത്. അപ്പഴേക്ക് മൂത്തമ്മ അവിടെ നടന്ന സംഭവങ്ങള്‍
അമ്മയോട് വിവരിക്കാനുള്ള ആമുഖം തുടങ്ങിക്കഴിഞ്ഞിരുന്നു. കഥ കേള്‍ക്കാനായി
നല്ലയവസ്ഥയിലായിരുന്ന ഗിരിജേടത്തിയും ചിരിച്ചുകൊണ്ട് കാതു
കൂര്‍പ്പിക്കുന്നത് കണ്ടു.
നൌഷാദ്, ഈ ഓര്‍മ്മപ്പറച്ചില്‍ ഇഷ്ടപ്പെട്ടു കേട്ടോ
ReplyDeleteസദ്ദാമിന്റെ ആക്രമനകഥയും ഇഷ്ടപ്പെട്ടു
ഗിരിജപ്പൊട്ടത്തിയേം ഇഷ്ടപ്പെട്ടു
ഫോളോ ചെയ്യാന്‍ ഒരു ഓപ്ഷന്‍ വച്ചാല്‍ നല്ലതായിരുന്നു
അഭിപ്രായത്തിന് നന്ദി അജിത്തേട്ടാ...
ReplyDeleteഇമെയില്‍ ഫോളോ ആഡിയിട്ടുണ്ട്.
യൂസേര്‍സ് ഫോളോ ലഭ്യമല്ല എന്ന് പറയുന്നു.
സംഭവം കലക്കി കേട്ടാ............
ReplyDelete