പുണ്യള്ള സക്കാത്ത്

ഇന്ന് ഇരുപത്തേഴാം രാവ്, സക്കാത്തിന്റെ ദിവസം. അത്താഴം കഴിച്ചൊന്ന് മയങ്ങാന് കിടന്നിട്ടും ഉറക്കം കണ്ണുകളെ തഴുകിയില്ല. നേരത്തെ ഉണരണം, പരമാവധി വീടുകളിലെത്തി സക്കാത്ത് സംഘടിപ്പിക്കണം, കഴിഞ്ഞ പ്രാവശ്യം കിട്ടിയ പതിനെട്ട് രൂപ ഇപ്രാവശ്യം ഇരട്ടിയെങ്കിലുമാക്കണം, പെരുന്നാളിന് ഓലപ്പടക്കവും തിരപ്പടക്കവും കൂടാതെ തിരപ്പടക്കം പൊട്ടിക്കാനുള്ള തോക്കും സ്വന്തമാക്കണം അങ്ങനെയങ്ങനെ മനസ്സില് ഉരുണ്ടു വന്ന കാര്യങ്ങള് അയവിറക്കി ഏപ്പോഴോ മയക്കത്തിലേക്ക് വീണു.
'മോനേ.... പോയി സുബ്ഹി നിസ്ക്കരിക്കെടാ..'
സാധാരണ ഉമ്മയെ പരമാവധി ദേഷ്യം പിടിപ്പിച്ച് മാത്രം തല പൊന്തിക്കാറുള്ള ഞാന് അന്ന് ഉമ്മയുടെ ആദ്യത്തെ സ്നേഹവിളിയില് തന്നെ ഉണര്ന്നെഴുന്നേറ്റു, പല്ലു തേച്ചു മുഖം കഴുകി വുളു ചെയ്ത് പ്രഭാതനമസ്ക്കാരം നിര്വഹിച്ചു. വെളിച്ചം പൂര്ണ്ണമായി വീണിട്ടില്ലെങ്കിലും, പരിചിതമായ വഴിയായത് കൊണ്ട് കളിക്കൂട്ടുകാരന് അബ്ദുവിന്റ വീട്ടിലേക്ക് വെച്ചു പിടിച്ചു. അവനും നേരത്തേ തന്നെ തയ്യാറായി എന്നേയും കാത്തിരിക്കുകയായിരുന്നു. നാട്ടിലെ പ്രമുഖനും പണക്കാരനുമായ ഹുസ്സൈനാജിയുടെ വീട്ടിലേക്ക് തന്നെ ആദ്യസക്കാത്തിനുള്ള കാളിംഗ് ബെല്ല് മുഴക്കി. ബെല്ലിന്റെ അലര്ച്ച രണ്ടുമൂന്നു തവണ കേള്പ്പിച്ചിട്ടും പ്രതികരണം കാണാതിരുന്നപ്പോള് കാര്യം മനസ്സിലായി. തുടക്കം തന്നെ മുടക്കത്തിലായെങ്കിലും, തുടര്ന്നു കയറിയ വീടുകള് ഞങ്ങളുടെ കീശകളെ ആശ്വാസപ്പെടുത്തി. കുറച്ചു ദൂരം നടന്ന ഞങ്ങളെ സക്കാത്ത് കിട്ടാന് യാതൊരു സാധ്യതയും ഇല്ല എന്നു തോന്നിക്കുന്ന ഒരു പഴയ വീടിനു മുന്നിലെ ക്യൂവിന് പിറകിലെത്തിച്ചു. ഞങ്ങളെപോലെയുള്ള കൊച്ചു കുട്ടികള്ക്ക് രണ്ടു രൂപ, മുതിര്ന്നവര്ക്കു അഞ്ചു രൂപ, പ്രായം തോന്നിക്കുന്നവര്ക്ക് പത്തു രൂപ. ഈയൊരളവിലാണ് വളരെ പ്രായം തോന്നിക്കുന്ന ഒരു വല്യുപ്പ അവിടെ സക്കാത്ത് കൊടുത്തു കൊണ്ടിരുന്നത്. എന്റെ ഊഴം എത്തിയപ്പോഴേക്കും രണ്ടു രൂപയുടെ നാണയങ്ങള് കഴിഞ്ഞിരുന്നു. ക്യൂവില് എന്റെ മുന്നിലുണ്ടായിരുന്ന അബ്ദുവിനും കിട്ടി രണ്ടു രൂപ. ഞാന് നിരാശനായി തിരിഞ്ഞു നടക്കാന് തുടങ്ങിയപ്പോള് പിറകില് നിന്ന് വല്യുപ്പാന്റെ ചോദ്യം.

'അന്റെ കജ്ജില് എത്രറുപ്യ ണ്ട്?'

ഞാനുടനെ നിക്കറിന്റ രണ്ടു പോക്കറ്റിലും തപ്പി നാണയത്തുട്ടുകള് പുറത്തെടുത്തു എണ്ണി നോക്കി. മൊത്തം ഏഴുരൂപ എണ്ണി വല്യുപ്പാക്ക് കൊടുത്തു. തിളങ്ങുന്ന പത്തു രൂപ നോട്ട് തിളക്കമാര്ന്ന കണ്ണുകളോടെ തിരിച്ചു പോക്കറ്റിലിടുമ്പോള് അബ്ദുവിനെയൊന്നു കാണിക്കാനും ഞാന് മറന്നില്ല.

അധികം ദൂരം നടന്നു ക്ഷീണിച്ചെങ്കിലും, വിചാരിച്ചതിലും കൂടുതല് കിട്ടിയ സംഖ്യ ഞങ്ങളുട പോക്കറ്റുകളെ പുളകം കൊള്ളിച്ചു. പരിചയമില്ലാത്ത ആ സ്ഥലത്തു നിന്നു വേഗം തിരിച്ചു വീട്ടിലേക്കു പോകാമെന്ന തീരുമാനിച്ചു തിരിഞ്ഞു നടക്കുമ്പോള് ആരോ ഞങ്ങളെ കൈ കാട്ടി വിളിക്കുന്നു. നോക്കുമ്പോള് ഒരു പഴയ ഹിന്ദു തറവാട് എന്ന് തോന്നിക്കുന്ന വീട്. ചാണകം മെഴുകിയ മുറ്റം. കാര്യസ്ഥനെന്നു തോന്നിക്കുന്ന ഒരാള് ആ വീടിന്റെ കാവിയിട്ട സീറ്റിനു മുകളില് ഇരിക്കുന്നു. അദ്ദേഹമാണ് ഞങ്ങളെ വിളിച്ചത്. വീടിനടുത്തെത്തിയപ്പോള് പ്രായം തോന്നിക്കുന്ന ഒരു അമ്മൂമ്മ താഴെ തറയില് കാലും നീട്ടിയിരിക്കുന്നു. പിന്നീട് അമ്മൂമ്മയാണ് ഞങ്ങളോട് സംസാരിച്ചത്. 
'ഇവിടെ ആദ്യായിട്ട് ആണ് ല്ലേ.... ഇങ്ങോട്ട് കേറി വന്നോളൂ... വീട്ടില് എത്ര പേര് ഉണ്ട്?'

ഞാന് : 'അഞ്ച്' 
അബ്ദു: 'ഏഴ്'
അമ്മൂമ്മ : 'സഞ്ചി കൊണ്ട്വന്ന് ട്ട് ണ്ടോ?'
ഞങ്ങള് പരസ്പരം നോക്കി പറഞ്ഞു: 'ഇല്ല'

എന്തോ നിര്ദേശം കിട്ടിയത് പോലെ കാര്യസ്ഥന് എന്നു തോന്നിക്കുന്നയാള് അകത്തു പോയി രണ്ടു കവറുകളുമായി വന്നു. ഉമ്മറത്ത് ഒരു മൂലയില് ഇരിക്കുന്ന അരിച്ചാക്കില് നിന്നും കൃത്യമായി നാഴിയിടങ്ങഴിയില് അരി അളന്നു കവറിലിട്ടു ഞങ്ങളുടെ കൈകളില് തരുന്നതിനിടെ അമ്മൂമ്മ പറഞ്ഞു.

'അടുത്ത പ്രാവശ്യവും വന്നോളൂട്ടോ...'

വീട്ടില് തിരിച്ചെത്തി ഉമ്മയെ അരിയടങ്ങിയ കവറേല്്പ്പിച്ച് അരി കിട്ടിയ കഥ ചുരുക്കിയൊന്നു വിവരിച്ചു കൊടുത്ത് ഉമ്മറത്തിരുന്ന് ധൃതിയില് പോക്കറ്റില് നിന്നും നാണയങ്ങള് നിലത്തേക്കിട്ടു എണ്ണിത്തിട്ടപ്പെടുത്തുമ്പോഴാണ് അകത്ത് നിന്ന് ഉമ്മയുടെ വാക്കുകള് ചെവിയിലേക്കെത്തിയത്.

'ദാനധര്മ്മം ആര് ചെയ്താലും അത് പുണ്യള്ള കാര്യാ അനക്ക് കിട്ടിയ അഞ്ച് നാഴിയരിയും ഒരു പുണ്യള്ള സക്കാത്താണ്'


2 comments:

  1. "ദാനധര്‍മ്മം ആര് ചെയ്താലും അത് പുണ്യള്ള കാര്യാ അനക്ക് കിട്ടിയ അഞ്ച് നാഴിയരിയും ഒരു പുണ്യള്ള സക്കാത്താണ്'" അതെ നൌഷാദ്,എല്ല ദാനങ്ങള്‍ക്കുമുണ്ട് അതിന്റേതായ പുണ്യം. പക്ഷെ വാക്കു പോലും ദാനം ചെയ്യാത്ത, കേള്‍ക്കാതിരിക്കാന്‍ ചെവിയില്‍ മൊബൈല്‍ യന്ത്രത്തിന്റെ കുന്തം തിരുകിയ ഒരു ബധിര സമൂഹമായി നാം മാറുകയല്ലേ?

    ReplyDelete
  2. നാട്ടിന്‍ പുറങ്ങളിലെ ഇത്തരം നന്മകളും ഇപ്പോള്‍ മഷിയിട്ടു നോക്കിയാല്‍ പോലും കാണാതായില്ലേ... പരിതപിക്കുകയല്ലാതെ ഇനിയുമൊരു തിരിച്ചുപോക്ക് അസാധ്യം. അഭിപ്രയാത്തിനു നന്ദി അഹമ്മദിക്കാ...

    ReplyDelete