അപ്പൂപ്പന്‍ താടികള്‍ വാങ്ങിത്തന്ന അടികള്‍

"നാലാം ക്ലാസിലെ എല്ലാ ഡിവിഷനിലേയും വിദ്യാര്‍ത്ഥികളെ ഈ വരുന്ന വെള്ളിയാഴ്ച സിനിമാപ്രദര്‍ശനത്തിനു കൊണ്ടുപോകാന്‍ തീരുമാനിച്ചിരിക്കുന്നു. പുലരി ടാക്കീസില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന 'കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍' ആണ് സിനിമ. പങ്കെടുക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ ഈ വരുന്ന ബുധനാഴ്ച്ചക്കകം ടിക്കറ്റ് നിരക്കായ രണ്ടു രൂപ അതതു ക്ലാസ് ടീച്ചര്‍മാരെ ഏല്‍പ്പിക്കേണ്ടതാണ്"

ഒറ്റവീര്‍പ്പിനെന്നോണമാണ് മെമ്മോ പ്യൂണ്‍ അബ്ദുല്ലാക്ക ക്ലാസ് റൂമില്‍വായിച്ചു കേള്‍പ്പിച്ചത്. വിജയലക്ഷ്മി ക്ലാസ്ടീച്ചര്‍ ഒന്നുകൂടി കാര്യങ്ങള്‍ വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്ക് വിശദീകരിച്ചു തന്നു. എന്റെ ബെഞ്ചില്‍ തന്നെ അടുത്തിരുന്ന ദാസന്‍ അപ്പോള്‍ത്തന്നെ കുശുകുശുക്കാന്‍ തുടങ്ങി. അവന്‍ ഈ സിനിമ കഴിഞ്ഞ ഓണപ്പൂട്ടിന് അമ്മയുടെ വീട്ടില്‍ പോയപ്പോള്‍ വീഡിയോ കാസറ്റിട്ടു കണ്ടതാണ്. എന്നാലും ഒരു തവണകൂടി കാണുമെന്നാണ് അവന്‍ പറഞ്ഞു കൊണ്ടിരുന്നത്.

അന്നു രാത്രി എനിക്ക് ഉറക്കം വന്നില്ല. കഴിഞ്ഞയാഴ്ചയാണ് മയമുട്ടിക്കായുടെ ചായക്കടയുടെ മൂന്നില്‍ ചാക്ക് കൊണ്ടുണ്ടാക്കിയ ഫ്രെയ്മില്‍ ഈ സിനിമയുടെ പോസ്റ്റര്‍ പതിച്ചത്. അന്നും പതിവു പോലെ ക്ലാസു വിട്ടു പോകുമ്പോള്‍ പുതിയ പോസ്റ്ററിലെ മുറുക്കിത്തുപ്പുന്ന സുന്ദരിയായ പെണ്‍കുട്ടിയുടെ പടം പല തവണ നോക്കി അയവിറക്കിയതാണ്. ആ സിനിമ കാണാനാണ് ഈ അവസരം കൈവന്നിരിക്കുന്നത്. തന്റെ ജീവിതത്തില്‍ ഒരു സിനിമ  തിയേറ്ററില്‍ പോയികാണാനുള്ള ആദ്യത്തെ അവസരം. പക്ഷെ രണ്ടു രൂപ അതെങ്ങനെ സംഘടിപ്പിക്കും? ചില തീരുമാനങ്ങളെടുത്തതു കൊണ്ടായിരിക്കാം, എപ്പഴോ ഉറങ്ങി.

'ഉമ്മാ... കേരള സര്‍ക്കാറിന്റെ പുത്യ സറ്റാമ്പ് വന്ന്ക്ക്ണ്. രണ്ടുറുപ്പ്യ വേണം'

രാവിലെ സ്കൂളിലേക്കിറങ്ങുന്നതിനു മുമ്പ് ഞാനെന്റെ ആദ്യ നമ്പര്‍ പുറത്തെടുത്തു

'കഴിഞ്ഞ മാസല്ലേ ജ്ജ് ഒരുറുപ്യ സ്റ്റാമ്പിന് പണ്ടാറടങ്ങ്യത്. ഞ്ഞും പ്പാനോട് ചോയിക്കാന്‍ ന്നെക്കോണ്ടജ്ജ'

ഉപ്പാന്റെ കയ്യില്‍ നിന്നു കാശു സംഘടിപ്പിക്കാനുള്ള സ്നേഹനിധിയായ ഉമ്മാന്റെ ദയനീയാവസ്ഥ ഈ വാക്കുകളിലുണ്ടായിരുന്നു.

'എന്തായാലും രണ്ടീസ്ത്തിനകം കൊടുത്തിട്ടില്ലെങ്കി ക്ലാസീന്നു പൊറത്താക്കും ന്നാണ് ടീച്ചറ് പറഞ്ഞ്ക്ക്ണത്'

ഞാന്‍ രണ്ടാമത്തെ നമ്പറും പുറത്തേക്കിട്ടു.

സാധാരണ വല്ല പുസ്തകമോ മറ്റോ വാങ്ങാന്‍ തന്നെ ഉമ്മ പരമാവധി കരഞ്ഞു കാലു പിടിച്ചാലാണ് ഉപ്പാന്റെ കൈയ്യൊന്നയയുക. ഇതിപ്പോ സ്റ്റാമ്പിന്റെ കാര്യാവുമ്പോ പ്രത്യേകിച്ച് പ്രശ്നനമാണ്. എന്നാലും ഉമ്മ നോക്കാമെന്ന് അവസാനം പറഞ്ഞ വാക്കില്‍ എന്റെ സിനിമ കാണാനുള്ള മോഹത്തിനു വീണ്ടും ചിറകു വിരിഞ്ഞു.

വെള്ളിയാഴ്ച്ച ഉച്ചക്കു ശേഷം പൈസ അടച്ച കുട്ടികളെയെല്ലാം അതതു ക്ലാസ് ടീച്ചര്‍മാര്‍ ഗ്രൌണ്ടില്‍ വരിവരിയായ് നിര്‍ത്തി. നാലാംതരം എ ക്ലാസിലെ ഏറ്റവും മുന്നിലെ ബെഞ്ചില്‍ നിന്നും ഞാനും ദാസനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ആദ്യത്തെ വരിയില്‍തന്നെ എന്റെ സ്ഥാനം ഉറപ്പായി. ഒന്നരകിലോമീറ്റര്‍ ദുരെയുള്ള ടാക്കീസിലേക്ക് ബസ്സിലാണ് യാത്ര. ടീച്ചര്‍മാര്‍ എല്ലാ കുട്ടികളേയും ബസ്സ് സ്റ്റോപ്പിലേക്ക് മേച്ചു.

'പടച്ചോനേ.... മയമുട്ടിക്കായുടെ പീടികയില്‍ പത്രം വായിച്ചിരിക്കണത് ഉപ്പ അല്ലേ....

ഭാഗ്യം ഞങ്ങളെ കണ്ടിട്ടില്ലാന്നാ തോന്നണത്... എന്നാലും ജാഥാ ക്യപ്റ്റനെപ്പോലെ മുമ്പീത്തന്നെ ലെഫ്റ്റ് റൈറ്റ് അടിച്ച് നടക്ക്ണ എന്നെ ഉപ്പ കാണാതിരിക്വോ....?

എന്തായാലും ഉണ്ടായിരുന്ന മനസ്സമാധാനം അതോടെ കപ്പലു കയറി.

തിയേറ്ററില്‍ കാക്കോത്തിയും കാലന്‍മത്തായിയും നിറഞ്ഞാടി. പാട്ടുസീനുകളില്‍ കുട്ടികളുടെ കൂടെ ഞാനും ഉറക്കെപ്പാടി, വില്ലനെ അടിക്കുമ്പോള്‍ കൈയ്യടിച്ചു, അവസാന സീനില്‍ കണ്ഠമിടറി.... രണ്ടര മണിക്കൂര്‍ സമയം പോയതറിഞ്ഞില്ല. തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കണ്ണിന് ഒരു മങ്ങല്‍ പോലെ, കണ്ണു തിരുമ്മി. അങ്ങോട്ടു പോയ ഉഷാര്‍ തിരിച്ചു വരുമ്പോള്‍ ഇല്ലെങ്കിലും വരിയില്‍ മുന്നില്‍ നിന്ന് കൊണ്ടു തന്നെ തിരിച്ചു സ്ക്കൂളിലെത്തി.

അഞ്ചു മണിയായിക്കാണും വീട്ടിലെത്തിയപ്പോള്‍ ഉപ്പ വരാന്തയില്‍ തന്നെ ചാരുകസേരയില്‍ ഇരിക്കുന്നുണ്ട്. എന്നെ ശ്രദ്ധിക്കുന്നില്ല. അതിനര്‍ത്ഥം സ്ക്കൂളില്‍ നിന്നു പോകുന്നത് കണ്ടിട്ടുണ്ടാവില്ല. കുളിച്ചു മഗ് രിബ് നിസ്കരിച്ച് പരമാവധി ഉച്ചത്തില്‍ ഖുറാന്‍ പാരായണം ചെയ്തു. മനസ്സില്‍ സിനിമയിലെ സീനുകളായിരുന്നെങ്കിലും പാഠപുസ്തകങ്ങള്‍ തുറന്നു വെച്ച് മല്ലനും മാതേവനും കൂടി യാത്ര പുറപ്പെട്ട കഥ സാധാരണയില്‍ക്കവിഞ്ഞ ആവേശത്തില്‍ ഉറക്കെ വായിച്ചു.

ഭക്ഷണം കഴിക്കാന്‍ എഴുന്നേറ്റ ഉടനെ പുറത്ത് വരാന്തയില്‍ നിന്ന് മുറ്റത്തേക്ക് കസേര മാറ്റിയിട്ട് കാറ്റുകൊണ്ടിരുന്ന ഉപ്പയുടെ സ്വതസിദ്ധമായ ഗര്‍ജ്ജനം......

'ഇബടെ വാ...... ബലാല്‍'

ശകരം മൂത്രം പൊടിഞ്ഞുകാണും... എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. ഉപ്പയുടെ അടുത്തേക്ക് നടന്നെങ്കിലും ചാരുകസേരയുടെ സൈഡിലായി പേടിച്ചു വിറച്ച് ഞാന്‍ നിന്നു.

'ങ്ങട്ട് മുന്നീക്ക് നിക്കടാ... സുവറേ... അനക്കെന്തിനേയ്ന്നടാ രണ്ടുറുപ്പ്യന്റെ ആവസ്യം'

വീണ്ടും ആക്രോശം.

'സ്......സ്......സ്....റ്റാ.....ം' മുഴുമിച്ചില്ല'
'.....ഠേ......'

കസേരയുടെ സൈഡില്‍ ഉപ്പ കരുതി വെച്ചിരുന്ന ശീമക്കൊന്ന വടി കൃത്യമായി ചന്തിക്കു നേരെ തന്നെ വന്നു പതിച്ചു. പിന്നേം ഒന്നോ രണ്ടോ തവണ കൂടി അടി വീണു കാണും. എന്തായാലും നേരത്തെ ശകരം പോയത് മുഴുവനായി.

തേങ്ങി തേങ്ങിക്കരഞ്ഞു ക്ഷീണിച്ച എന്നെ ഭക്ഷണം കഴിപ്പിച്ചു പായയില്‍ കിടത്തുന്നതുവരെ ഉമ്മ സമാധാനപ്പെടുത്തി. കിടന്നതിനു ശേഷം കാക്കോത്തിയും, കാലന്‍മത്തായിയും, അപ്പൂപ്പന്‍താടികളും ചേര്‍ന്ന് തഴുകി ഉറക്കി.

2 comments:

  1. അപ്പൂപ്പന്‍താടികളുടെ മായിക വലയത്തില്‍ ജീവിച്ചു വളര്‍ന്നൊരു ബാല്യം ഇന്നന്ന്യമായിരിക്കുന്നു അതിലൂടെയൊക്കെ ഉള്ള ഒരു തിരിച്ചുപോക്ക് വളരെ ടച്ചിംഗ് ആയിരുന്നു ..
    എവിടെയൊക്കെയോ ഒരു ചെറിയ നീറ്റല്‍


    കീപ്‌ ഇറ്റ്‌ അപ്പ്
    എഴുത്തുകാരന്‍ സുഹൃത്തെ

    ReplyDelete
  2. നന്ദി സുഹൃത്തെ, സമയം കണ്ടെത്തി വായിച്ചതിനും അഭിപ്രായിച്ചതിനും. ഇങ്ങനെയെങ്കിലുമൊരു തരിച്ചു പോക്ക് നടത്താം ആ പഴയ ഓര്‍മ്മകളെ ഒന്നു നട്ടു നനക്കാന്‍...

    ReplyDelete